ബംഗളൂരു: ബംഗളൂരുവിലെ നന്ദിനി ലേഔട്ടിലുള്ള പേയിംഗ് ഗസ്റ്റ് താമസസ്ഥലത്ത് തീപിടിത്തം ഉണ്ടായി. 50 ൽ അധികം സ്ത്രീകൾ താമസിക്കുന്ന പിജിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തെ തുടർന്ന് നാലാം നില കെട്ടിടത്തിന്റെ മുകളിൽ നിന്ന് സ്ത്രീകൾ താഴേയ്ക്ക് ചാടി.
കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള എൽഇഡി ബോർഡ് നിർമിക്കുന്ന കടയിൽ നിന്നാണ് തീ പടർന്ന് പിടിച്ചത്. നിമിഷങ്ങൾ കൊണ്ട് കെട്ടിടം പൂർണമായും പുക കൊണ്ട് നിറഞ്ഞു. തുടർന്ന് സ്ത്രീകൾക്ക് പുറത്തേയ്ക്കിറങ്ങാൻ കഴിയാതെ വന്നതോടെയാണ് മുകളിൽ നിന്ന് ചാടിയത്. സംഭവത്തിൽ ആർക്കും ഗുരുതരമായ പരിക്കുകളില്ല.
അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള അന്വേഷണം അധികൃതർ ആരംഭിച്ചിട്ടുണ്ട്.